മനുഷ്യരാശി എങ്ങനെ ഉണ്ടായി
ആദ്യമായി, ചൈനീസ് പുതുവർഷത്തിൻ്റെ തുടക്കത്തിൽ എല്ലാവർക്കും എൻ്റെ ആശംസകൾ അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
പുതുവത്സര സമയം സാധാരണയായി സന്തോഷകരമായ പുതുവത്സരാശംസകൾ പങ്കിടുന്നതിനു വേണ്ടിയുള്ളതാണ്. എന്നാൽ ആസന്നമായ അപകടം മനുഷ്യരാശിയെ സമീപിക്കുന്നതായി ഞാൻ കാണുന്നു, ഈ കാരണത്താൽ, ഈ ലോകത്തിലെ എല്ലാവരിലേക്കും നിരവധി കാര്യങ്ങൾ പകർന്നു നൽകാൻ, ദൈവീക ജീവനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ വെളിപ്പെടുത്താൻ പോകുന്ന ഓരോ കാര്യവും ഉന്നതമായതും, അത്യന്തം കാത്തുസൂക്ഷിച്ചിരുന്ന രഹസ്യവുമാണ്, മാത്രമല്ല, കാര്യങ്ങളുടെ യഥാർത്ഥ ചിത്രം നൽകുവാനും ജനങ്ങളുടെ മോക്ഷത്തിനായി മറ്റൊരു അവസരം നൽകുന്നതിനും വേണ്ടിയാണ് ഇത് പങ്കിടുന്നത്.
മനുഷ്യരാശി എങ്ങനെ ഉണ്ടായി എന്ന ചോദ്യമാണ് ആദ്യം. പ്രപഞ്ചം അതിൻ്റെ സൃഷ്ടിയുടെ പ്രാരംഭം മുതൽ അവസാന നാളുകൾ വരെ, നാല് ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന അസാധാരണമായ നീണ്ട കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോയിരിക്കുന്നത്: രൂപീകരണം, സ്ഥിരത, ജീർണ്ണനം, വിനാശം. വിനാശ ഘട്ടത്തിൻ്റെ അവസാനത്തിലെത്തുമ്പോൾ, നാം നിലനിൽക്കുന്ന പ്രപഞ്ചം ഉൾപ്പെടുന്ന—മഹാ ബ്രഹ്മാണ്ഡത്തിലെ—എല്ലാറ്റിൻ്റെയും ഉന്മൂലനാശം തൽക്ഷണം നടക്കുന്നു, എല്ലാ ജീവജാലങ്ങളും നശിക്കുന്നു!
ഒരു വ്യക്തി മരിക്കുമ്പോൾ ആ വ്യക്തിയുടെ ഭൗതീക ശരീരം മാത്രമാണ് ജീർണ്ണിച്ചു പോകുന്നത്, അതേസമയം അവൻ്റെ യഥാർത്ഥ ആത്മാവ് (ശരിക്കും അവൻ ആരാണോ, അത് അവൻ്റെ ഭൗതിക ശരീരം നശിക്കുമ്പോൾ മരിക്കുന്നില്ല) പുനർജ്ജനിച്ച്, അടുത്ത ജന്മത്തിലൂടെ തുടരുന്നു. പ്രപഞ്ചം രൂപീകരണം, സ്ഥിരത, ജീർണ്ണനം, വിനാശം എന്നിവയിലൂടെ കടന്നുപോകുന്നതുപോലെ, മനുഷ്യരും ജനനം, വാർദ്ധക്യം, രോഗം, മരണം എന്നിവയിലൂടെ കടന്നുപോകുന്നു. ഇവ പ്രപഞ്ചത്തിൻ്റെ നിയമങ്ങളാണ്, അത് ഉയർന്ന ജീവനുകൾക്കും വിധേയമാണ്, സമയദൈർഘ്യം കൂടുതലാണ് എന്നുമാത്രം, ജീവനുകൾ എത്ര മഹത്തായതാണെന്നതിന് ആനുപാതികമായി ഈ പ്രക്രിയ വലിച്ചുനീട്ടപ്പെടുന്നു. ജീവിതവും മരണവും അവർക്ക് വേദനാജനകമല്ല, ഈ പ്രക്രിയകളിലുടനീളം അവർ അവബോധമുള്ളവരായി തുടരുന്നു—അവർക്ക് അത് വസ്ത്രങ്ങൾ മാറുന്നതു പോലെയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സാധാരണയായി ജീവനുകൾ യഥാർത്ഥത്തിൽ മരിക്കുന്നില്ല. എന്നാൽ ഈ പ്രപഞ്ചവും ബ്രഹ്മാണ്ഡവും രൂപീകരണം-സ്ഥിരത-ജീർണ്ണനം-വിനാശം എന്നീ പ്രക്രിയകളുടെ അവസാന ഘട്ടത്തിൽ ശിഥിലമാകുമ്പോൾ, ജീവനുകൾ പുനർജ്ജനിക്കില്ല, ജീവൻ്റെയോ പദാർത്ഥത്തിൻ്റെയോ അസ്തിത്വം ഉണ്ടാകില്ല, എല്ലാം പൊടിയായി മാറുന്നു അങ്ങനെ അവിടെ ശൂന്യത മാത്രം. നിലവിൽ മനുഷ്യലോകം രൂപീകരണം, സ്ഥിരത, ജീർണ്ണനം, വിനാശം എന്ന കാലഗതിയിലെ വിനാശ ഘട്ടത്തിലെ അവസാന കാലഘട്ടം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസാന കാലത്ത് എല്ലാം വളരെയധികം മോശമായി മാറിയിരിക്കുന്നു, വിധി പോലെ, അങ്ങനെ വിനാശം ആസന്നമാണ്. ഈ കാരണത്താലാണ് ലോകം ഇത്രയധികം അലങ്കോലമാക്കപ്പെട്ടിരിക്കുന്നത്. നല്ല ചിന്തകൾ വിരളമാണ്, ജനങ്ങളുടെ മനസ്സ് വികൃതമായിരിക്കുന്നു, ദുഷ്ടതയും മയക്കുമരുന്ന് ദുരുപയോഗവും വ്യാപകമാണ്, ആളുകൾ നിരീശ്വരവാദികളായി മാറുന്നു. ബ്രഹ്മാണ്ഡത്തിൻ്റെ അവസാന ഘട്ടത്തിൽ ഇവ അനിവാര്യമാണ്, നമ്മൾ എത്തിച്ചേർന്നിരിക്കുന്ന സമയത്തെക്കുറിച്ച് ഇതാണ് സൂചിപ്പിക്കാനുള്ളത്!
സ്രഷ്ടാവ്, നിലനിൽക്കുന്ന എല്ലാ സ്വർഗ്ഗീയ ജീവനുകളെയും അതുപോലെ നല്ലതും ദയയുള്ളതുമായ എല്ലാ ജീവനുകളെയും ബ്രഹ്മാണ്ഡത്തിലെ മഹത്തായ എല്ലാ സൃഷ്ടികളെയും വിലമതിക്കുന്നു. അതിനാൽ, ജീർണ്ണനഘട്ടത്തിൻ്റെ തുടക്കത്തിൽ, അദ്ദേഹം നിരവധി ദൈവിക ജീവനുകളെ ബ്രഹ്മാണ്ഡത്തിൻ്റെ ഏറ്റവും പുറത്തുള്ള തലത്തിലേക്ക് നയിച്ചു (സാധാരണയായി "ദൈവിക ലോകത്തിന് പുറത്തുള്ളത്" എന്ന് അറിയപ്പെടുന്നു), ദൈവിക ജീവനുകളില്ലാത്ത ഒരു സ്ഥലത്തേക്ക്, അവിടെ ഭൂമി സൃഷ്ടിച്ചു. എന്നാൽ ഭൂമിക്ക് സ്വതന്ത്രമായി നിലനിൽക്കാനുള്ള ശേഷി ഇല്ലായിരുന്നു; ജീവനും പദാർത്ഥവും ഉൾപ്പെടുന്ന ഒരു ചംക്രമണ സംവിധാനം രൂപപ്പെടുത്താൻ കഴിയുന്ന ഒരു അനുബന്ധ പ്രാപഞ്ചിക ഘടന ഉണ്ടായിരിക്കേണ്ടത് ആവശ്യമായിരുന്നു. ഇക്കാരണത്താൽ, സ്രഷ്ടാവ് ഭൂമിക്ക് പുറത്ത് ഒരു വലിയ വിസ്തൃതി ഉണ്ടാക്കി, അതിനെ ഉയർന്ന ജീവനുകൾ "ത്രിലോകങ്ങൾ” എന്ന് വിളിച്ചു. രക്ഷയുടെ അവസാന നാളാകുന്നതിനുമുമ്പ്, എത്ര ഉന്നത ജീവനായാലും, സ്രഷ്ടാവിൻ്റെ അനുവാദമില്ലാതെ ഈ വിസ്തൃതിക്കുള്ളിൽ പ്രവേശിക്കുവാനോ പുറത്തുകടക്കുവാനോ അനുവദിച്ചിരുന്നില്ല. ത്രിലോകങ്ങളുടെ വിസ്തൃതിയിൽ മൂന്ന് പ്രധാന ലോകങ്ങൾ ഉൾപ്പെടുന്നു: മനുഷ്യരാശി ഉൾപ്പെടെ, ഈ ഭൂമിയിലെ ജീവനുകൾ ഉൾക്കൊള്ളുന്ന തൃഷ്ണ ലോകം (യു); അതിന് മുകളിലുള്ള, രണ്ടാമത്തെ ലോകം, രൂപസഹിത ലോകം (സെ); കുറച്ചുകൂടി മുകളിൽ, ഒരു മൂന്നാമത്തെ ലോകം, രൂപരഹിത ലോകം (വൂ സെ) എന്നും അറിയപ്പെടുന്നു. തുടർച്ചയായി വരുന്ന ഓരോ ലോകവും അതിനു താഴെയുള്ളതിനേക്കാൾ ഉയർന്നതും മഹത്വമുള്ളതുമാണ്, എന്നിരുന്നാലും ദൈവിക ലോകവുമായോ ഇനിയും ഉയർന്ന നിരവധി സ്വർഗ്ഗരാജ്യങ്ങളുമായോ ഇതിനെ താരതമ്യപ്പെടുത്താനാവില്ല. ആളുകൾ സാധാരണയായി പരാമർശിക്കുന്ന "സ്വർഗ്ഗം" വാസ്തവത്തിൽ, ത്രിലോകത്തിനുള്ളിൽ, ഒന്നുകിൽ രൂപസഹിത ലോകത്തിലോ അല്ലെങ്കിൽ രൂപരഹിത ലോകത്തിലോ ആണ്. ഓരോ ത്രിലോകങ്ങൾക്കുള്ളിലും പത്ത് തലങ്ങളാണുണുള്ളത്, ഈ ത്രിലോകങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ മുപ്പത്തിമൂന്ന് തലങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. മനുഷ്യർ വസിക്കുന്നത് തൃഷ്ണ ലോകത്തിലാണ്, ഇത് എല്ലാ തലങ്ങളിലും വെച്ച് ഏറ്റവും താഴ്ന്നതും ഏറ്റവും മോശം പരിസ്ഥിതിയുള്ളതുമാണ്. ഇവിടെ ജീവിതം വേദനാജനകവും ഹ്രസ്വവുമാണ്, എന്നാൽ കൂടുതൽ ഭയാനകമായ വസ്തുത എന്തെന്നാൽ, മനുഷ്യലോകത്ത് ആളുകൾ സത്യങ്ങളായി കണക്കാക്കുന്ന ചില കാര്യങ്ങൾക്കു മാത്രമേ യഥാർത്ഥത്തിൽ സാധുതയുള്ളൂ എന്നതാണ്. മനുഷ്യർ സത്യമെന്ന് കരുതുന്നത് മൊത്തത്തിൽ മഹാപ്രപഞ്ചത്തിൽ വിപരീതമായി കണക്കാക്കപ്പെടുന്നു (എന്നാൽ ദൈവങ്ങൾ മനുഷ്യനെ പഠിപ്പിച്ച ഉയർന്ന സത്യങ്ങൾ ഒഴികെ). ഉദാഹരണത്തിന്, യുദ്ധത്തിൽ വിജയിക്കുന്നവർ ഭരണാധികാരിയാകുന്നതോ, സൈനിക ശക്തിയാൽ പ്രദേശം പിടിച്ചെടുക്കുന്നതോ, ശക്തരായവരെ വീരന്മാരായി കാണുന്നതോ ശരിയാണെന്ന് ദൈവം കണക്കാക്കുന്നില്ല—കൊല്ലുന്നതും മറ്റുള്ളവരിൽ നിന്ന് ബലമായി പിടിച്ചെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നതിനാൽ. അത് പ്രപഞ്ചത്തിൻ്റെ രീതിയല്ല, ഉന്നതമായ ജീവനുകൾ കാര്യങ്ങളെ സമീപിക്കുന്നതും ഇങ്ങിനെയല്ല. എങ്കിലും മനുഷ്യലോകത്ത് ഇവ അനിവാര്യവും സ്വീകാര്യവുമാണ്. അത് മനുഷ്യലോകത്തിൻ്റെ വഴികളാണ്, എന്നാൽ അവ പ്രപഞ്ചത്തിൻ്റെ വഴികൾക്ക് വിരുദ്ധമാണ്. അതിനാൽ, ഒരു വ്യക്തി സ്വർഗ്ഗത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ സത്യമായിട്ടുള്ളതും, ഉന്നതവുമായ നിയമങ്ങൾ പാലിക്കുകയും സ്വയം സംസ്കരിച്ചെടുക്കുകയും വേണം. ജീവിതം മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലതാകുമ്പോൾ ചില ആളുകൾ സംതൃപ്തരാണ്. അത്തരക്കാർ ഈ മനുഷ്യലോകത്തിനുള്ളിലെ മറ്റ് മനുഷ്യരുമായി തങ്ങളെത്തന്നെ താരതമ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്, എന്നാൽ ഇവിടെയുള്ള എല്ലാവരും യഥാർത്ഥത്തിൽ പ്രപഞ്ചത്തിൻ്റെ ചവറ്റുകുട്ടയായി കണക്കാക്കപ്പെടുന്നിടത്താണ് ജീവിക്കുന്നത്. മൂന്ന് ലോകങ്ങൾ, ബ്രഹ്മാണ്ഡത്തിൻ്റെ ഏറ്റവും ബാഹ്യചുറ്റളവിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്, ഇവിടെയുള്ളതെല്ലാം നിർമ്മിച്ചിരിക്കുന്നത് ഏറ്റവും താഴ്ന്നതും അസംസ്കൃതവും വൃത്തിഹീനവുമായ കണികകളാൽ—തന്മാത്രകൾ, ആറ്റങ്ങൾ തുടങ്ങിയവയാൽ ആണ്. ഉന്നത ജീവനുകളുടെ ദൃഷ്ടിയിൽ പ്രപഞ്ചത്തിലെ ചവറ്റുകുട്ടകൾ വലിച്ചെറിയുന്നത് ഇവിടെയ്ക്കാണ്. അങ്ങനെ അവർ തന്മാത്രകളുടെ ഈ തലം പൊടി അല്ലെങ്കിൽ "കളിമണ്ണ്" ആയി കണക്കാക്കുകയും അതിനെ ഏറ്റവും താഴ്ന്ന സ്ഥലമായി കാണുകയും ചെയ്യുന്നു. ചില മതങ്ങളിൽ മനുഷ്യനെ ദൈവം സൃഷ്ടിച്ചത് കളിമണ്ണിൽ നിന്നാണെന്ന വിശ്വാസത്തിൻ്റെ ഉത്ഭവം ഇതാണ്. തന്മാത്രാതലത്തിൽ ഉള്ള പദാർത്ഥത്തിൽ നിന്നാണ് മനുഷ്യൻ തീർച്ചയായും രൂപപ്പെട്ടത്.
ദൈവിക ജീവനുകൾ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, സ്രഷ്ടാവിൻ്റെ നിർദ്ദേശപ്രകാരം അവർ അങ്ങനെ ചെയ്തു, ഓരോരുത്തരും അവരവരുടെ തനതായ ഛായയിൽ മനുഷ്യരെ സൃഷ്ടിക്കാൻ അദ്ദേഹം അവരെ ഉപദേശിച്ചു. ഇക്കാരണത്താൽ വെള്ളക്കാർ, ഏഷ്യക്കാർ, കറുത്തുവർ, മറ്റ് വംശജരും ഉണ്ടായി. അവരുടെ ബാഹ്യരൂപങ്ങൾ വ്യത്യസ്തമാണെങ്കിലും, അവരുടെ ഉള്ളിലെ ആത്മാക്കൾ സ്രഷ്ടാവ് നൽകിയതാണ്. അതുകൊണ്ടാണ് അവർക്ക് പൊതുവായ മൂല്യങ്ങൾ ഉള്ളത്. മനുഷ്യനെ സൃഷ്ടിക്കുവാൻ ദൈവിക ജീവനുകളെ നയിക്കുന്നതിൽ സ്രഷ്ടാവിൻ്റെ ഉദ്ദേശ്യം, ദൈവീക ജീവനുകൾ ഉൾപ്പെടെയുള്ള—മഹാപ്രപഞ്ചത്തിലെ എല്ലാ ജീവനുകൾക്കും അവസാന കാലത്ത് അവൻ വാഗ്ദാനം ചെയ്യുന്ന രക്ഷ നൽകാൻ മനുഷ്യനെ ഉപയോഗപ്പെടുത്തുക എന്നതായിരുന്നു.
എന്നാൽ എന്തുകൊണ്ട് സ്രഷ്ടാവ് ദൈവിക ജീവനുകളെകൊണ്ട് ഇത്രയും തരംതാണതും ഹീനവുമായ സ്ഥലത്ത് മനുഷ്യരെ സൃഷ്ടിച്ചു? കാരണം, ഇത് പ്രപഞ്ചത്തിൻ്റെ ഏറ്റവും താഴ്ന്ന തലമായതിനാൽ, ഇത് ഏറ്റവും പീഡകളുള്ള സ്ഥലമാണ്, മാത്രമല്ല കാര്യങ്ങൾ ശ്രമകരവും വേദനാജനകവുമാകുമ്പോൾ മാത്രമേ ഒരു വ്യക്തിക്ക് ആത്മീയ പരിശീലനത്തിലൂടെ സ്വയം ഉയരുവാനും അവൻ്റെ അല്ലെങ്കിൽ അവളുടെ കർമ്മ ഇല്ലാതാക്കുവാനും കഴിയുകയുള്ളു. ഒരു വ്യക്തിക്ക്, വേദനാജനകമായ അനുഭവങ്ങൾക്കിടയിലും, കാരുണ്യമുള്ള ചിന്തകൾ നിലനിർത്തുവാനും, നന്ദിയുള്ളവരാകുവാനും, ഒരു നല്ല വ്യക്തിയാകുവാനും കഴിയുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ അതിലൂടെ വളരുകയാണ് ചെയ്യുന്നത്. താഴ്ച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് പുരോഗമിക്കുന്ന പ്രക്രിയയാണ് മോക്ഷം, അതിനാൽ ഒരാൾ താഴെനിന്ന് ആരംഭിക്കേണ്ടതുണ്ട്. ഇവിടെ ജീവിക്കുന്ന ആർക്കും ജീവിതം ശ്രമകരമാണ്. ആളുകൾ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുമ്പോൾ അവർക്കിടയിൽ പിരിമുറുക്കങ്ങളുണ്ട്, പ്രകൃതിദത്തമായ പരിസ്ഥിതിയുടെ ഭയാനകമായ അവസ്ഥയുണ്ട്, വാസ്തവത്തിൽ ജീവിതത്തെ മറികടക്കാൻ വളരെയധികം ചിന്തയും പരിശ്രമവും ആവശ്യമാണ്, ചില ഉദാഹരണങ്ങൾ മാത്രമാണിത്. ഈ സാഹചര്യങ്ങളെല്ലാം ആളുകൾക്ക് സ്വയം പുരോഗമിക്കുവാനും അവരുടെ കർമ്മ കുറക്കുവാനുമുള്ള അവസരങ്ങൾ നൽകുന്നു. കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നത് അവരുടെ പാപങ്ങൾക്കും കർമ്മയ്ക്കും പ്രായശ്ചിത്തം ചെയ്യുവാൻ ആളുകളെ സഹായിക്കും എന്നത് തീർച്ചയാണ്. വേദനാജനകമായ സാഹചര്യങ്ങൾക്കും വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾക്കും ഇടയിൽ നല്ല സ്വഭാവമുള്ളവരായി നിലകൊള്ളാൻ സാധിക്കുന്ന ഏതൊരാളും യോഗ്യതയും പുണ്യവും വളർത്തിയെടുക്കുന്നു, അതിൻ്റെ ഫലമായി അവൻ്റെ അല്ലെങ്കിൽ അവളുടെ ആത്മാവിൻ്റെ ഉന്നതി കൈവരിക്കും.
ആധുനിക കാലത്തിൻ്റെ വരവോടെ, പ്രപഞ്ചത്തിലെ അനേകം ജീവനുകളെ രക്ഷിക്കുവാൻ പ്രധാനമായും മനുഷ്യശരീരത്തെ ഉപയോഗപ്പെടുത്തുവാൻ സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്നു. അതിനാൽ ഇവിടെ ഭൂരിഭാഗം മനുഷ്യശരീരങ്ങളിലും ഉൾക്കൊള്ളുന്ന ആത്മാക്കളെ ഉയർന്ന ജീവനുകളുടെതുകൊണ്ട് പകരം വെച്ചു, അവയിൽ അവർ അവതാരമെടുത്തു. മനുഷ്യശരീരം ഉള്ളതിനാൽ അവർക്ക് അവരുടെ കർമ്മയും പാപങ്ങളും ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് കുറക്കുവാൻ കഴിയും. സത്യമില്ലാത്ത ഈ സ്ഥലത്ത്, ദൈവം പഠിപ്പിച്ച ഉന്നതമായ സത്യങ്ങളെ മുറുകെപ്പിടിച്ച്, നന്മയിലും ദയയിലും ഉറച്ചുനിൽക്കുന്നതിലൂടെ, അവർക്ക് അവരുടെ ആത്മാവിൻ്റെ ഉന്നതി കൈവരിക്കുവാൻ കഴിയും. അവസാന കാലം ഇപ്പോൾ നമ്മുടെ അടുത്തെത്തിയിരിക്കുകയാണ്, ത്രിലോകങ്ങളിൽ നിന്ന് പുറത്തേക്ക് നയിക്കുന്ന സ്വർഗ്ഗകവാടം തുറന്നിരിക്കുന്നു. ഞാൻ പറഞ്ഞതുപോലെ പ്രവർത്തിക്കുന്നവരെ സ്രഷ്ടാവ് മോക്ഷപ്രാപ്തിക്കായി തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു.
രൂപീകരണം, സ്ഥിരത, ജീർണ്ണനം എന്നീ ഘട്ടങ്ങളിൽ പ്രപഞ്ചത്തിലെ എല്ലാം അശുദ്ധമായിത്തീർന്നു, സൃഷ്ടിയുടെ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാളും തരം താഴ്ന്നു. അതുകൊണ്ടാണ് കാര്യങ്ങൾ വിനാശത്തിലേക്ക് നീങ്ങുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ മഹാപ്രപഞ്ചത്തിലെ എല്ലാം മോശമായി മാറി, ജീവൻ്റെ സൃഷ്ടി ആദിയിൽ ഉണ്ടായിരുന്നത് പോലെ മികച്ചതല്ല, ഇപ്പോൾ പരിശുദ്ധവുമല്ല, അവയെല്ലാം കർമ്മയും പാപങ്ങളും സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് വിനാശം വരുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള പാപത്തെയാണ് മതപരമായ പശ്ചാത്തലത്തിൽ ഉത്ഭവ-പാപം എന്ന് വിളിക്കുന്നത്. പ്രപഞ്ചത്തെ രക്ഷിക്കാൻ, സ്രഷ്ടാവ് അനേകം ഉന്നത ജീവനുകളോടും പരമോന്നതരായ ദൈവങ്ങളോടും ഭൂമിയിലേക്ക് ഇറങ്ങിവരാനും ഈ സാഹചര്യത്തിൽ മനുഷ്യരൂപം സ്വീകരിക്കുവാനും നിർദ്ദേശിച്ചു, ഇവിടെ അവർ കഷ്ടപ്പെടുകയും, ഉയർത്തപ്പെടുകയും, സ്വന്തം പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുകയും, സ്വയം പുതിയതായി വാർത്തെടുക്കുകയും ചെയ്യാം—തൽഫലമായി സ്വർഗ്ഗത്തിലേക്ക് വീണ്ടും ഉയർത്തപ്പെടുന്നു. (മനുഷ്യരാശിയെ രക്ഷിക്കുന്നതോടൊപ്പം സ്രഷ്ടാവ് പ്രപഞ്ചത്തെയും പുനർനിർമ്മിക്കുന്നു.) പുതിയ പ്രപഞ്ചം തികച്ചും പരിശുദ്ധവും, അത്യന്തം മഹത്വപൂർണ്ണവുമാണ്. ഇത്തരമൊരു ശ്രമകരമായ സാഹചര്യത്തിൽ, ഒരു വ്യക്തിക്ക് തൻ്റെ ചിന്തകൾ സദ്ഗുണത്തോടെ നിലനിർത്താൻ കഴിയുമെങ്കിൽ; ആധുനിക മൂല്യങ്ങളുടെയും വീക്ഷണങ്ങളുടെയും കടന്നുകയറ്റത്തിനെതിരെ അയാൾക്ക് അല്ലെങ്കിൽ അവൾക്ക് ഉറച്ചുനിൽക്കുവാനും, അങ്ങനെ പാരമ്പര്യത്തിൽ മുറുകെപ്പിടിക്കുവാനും കഴിയുമെങ്കിൽ; നിരീശ്വരവാദികളിൽ നിന്നും പരിണാമ ഗ്രൂപ്പുകളിൽ നിന്നുമുള്ള ആക്രമണങ്ങൾക്കിടയിലും അവൻ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, ആ വ്യക്തി തൻ്റെ ഉദ്ദേശ്യം നിറവേറ്റും: മോക്ഷ പ്രാപ്തി കൈവരിക്കുകയും സ്വർഗ്ഗത്തിലേക്ക് മടങ്ങുകയും ചെയ്യും. ലോകത്ത് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന എല്ലാ മിഥ്യകളും ഈ അവസാന ഘട്ടത്തിനായി, ദൈവിക ജീവനുകൾ അതുപോലെ തന്നെ ആസൂത്രണം ചെയ്തതാണ്. അവരുടെ ലക്ഷ്യം ഇവിടുത്തെ ജീവനുകളെ പരീക്ഷിക്കുകയും അവർ മോക്ഷപ്രാപ്തിക്ക് യോഗ്യരാണോ എന്ന് പരിശോധിക്കുകയും പ്രയാസകരമായ കാര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ അവരുടെ പാപങ്ങളും കർമ്മയും പരിഹരിക്കുവാനുള്ള അവസരം നൽകുകയും ചെയ്യുക എന്നതായിരുന്നു. ജനങ്ങൾക്ക് രക്ഷ കൈവരിക്കാനും തിരിച്ച് സ്വർഗ്ഗത്തെ പ്രാപിക്കുവാനും വേണ്ടിയാണ് ഇതെല്ലാം ചെയ്തത്.
ഇതെല്ലാം പറയുന്നത് ഈ ഭൂമിയിലെ ആളുകളുടെ ജീവിതത്തിൻ്റെ ലക്ഷ്യം ലോകത്ത് എന്തെങ്കിലും നേടുക എന്നതല്ല എന്നാണ്. ജീവിതത്തിൽ ആളുകൾ നടത്തുന്ന എല്ലാ തീവ്രമായ പരിശ്രമങ്ങളും ഉദ്യമങ്ങളും, അവർ ആഗ്രഹിക്കുന്നത് നേടാനുള്ള അവരുടെ ത്വരയും, അതിൽ അനൈതികമായ മാർഗങ്ങൾ അവലംബിക്കുന്നതുപോലും ഉൾപ്പെട്ടേക്കാം, ഒടുവിൽ അവരെ അധാർമികതയിലേക്ക് നയിക്കുകയേ ഉള്ളൂ. ആളുകൾ ഈ ലോകത്തിലേക്ക് വരാനും മനുഷ്യരായിത്തീരാനും കാരണം അവരുടെ പാപങ്ങൾക്കും കർമ്മയ്ക്കും പ്രായശ്ചിത്തം ചെയ്യുവാനും ആത്മീയ പുരോഗതി കൈവരിക്കാനുമാണ്. ആളുകൾ ഈ ലോകത്തിലേക്ക് വന്നത് മോക്ഷം നേടാനാണ്. അവർ വന്ന് മനുഷ്യരൂപം സ്വീകരിച്ചത് സ്രഷ്ടാവിനെയും തങ്ങളുടെ സ്വർഗ്ഗരാജ്യത്തിലേക്ക് തിരികെയുള്ള അവൻ്റെ രക്ഷയെയും കാത്തുകൊണ്ടാണ്. അവർ അവിടെ കാത്തിരിക്കുന്ന കാലയളവിൽ, തങ്ങളുടെ നിരവധി മുൻകാല ജീവിതങ്ങളിലൂടെ പുണ്യം ശേഖരിച്ച് വെച്ചു; ആളുകളുടെ പുനർജ്ജന്മത്തിൻ്റെ ലക്ഷ്യവും അതായിരുന്നു. ഈ ലോകത്തിൻ്റെ താറുമാറായ പ്രകൃതം ഈ ജീവിതങ്ങളെ മഹത്തരമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. തീർച്ചയായും, ചില ആളുകൾ, കഷ്ടപ്പാടിൻ്റെ സമയങ്ങളിൽ ദൈവിക സഹായം തേടുമ്പോൾ, ഫലത്തിൽ തൃപ്തരാകാതെ, ദൈവത്തെ വെറുക്കാൻ തുടങ്ങുകയും—അതിൻ്റെ ഫലമായി ദൈവത്തിനെതിരെ തിരിയുകയും ചെയ്യുന്നു. ചിലരാകട്ടെ പൈശാചികവും ഇരുണ്ടതുമായ മാർഗ്ഗത്തിലേക്ക് തിരിയുകയും വീണ്ടും കൂടുതൽ പാപങ്ങൾ ചെയ്യുകയും കൂടുതൽ കർമ്മ ഉണ്ടാക്കുകയും ചെയ്യുന്നു. മോക്ഷപ്രാപ്തിക്കായി ഇനിയും ഒരു അവസരം വേണമെന്നുണ്ടെങ്കിൽ, ഇതുപോലുള്ളവർ തിരികെ വേഗത്തിൽ വന്ന് ദൈവത്തോട് ക്ഷമ യാചിക്കാം. ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം—അത് നീതികരിക്കാമെന്ന് തോന്നിയാലും ഇല്ലെങ്കിലും—യഥാർത്ഥത്തിൽ, ഒരാൾ തൻ്റെ മുൻകാല ജീവിതത്തിൽ ചെയ്തതിൻ്റെ കർമ്മഫലമാണ്, മോശമായതായാലും നല്ലതായതായാലും. ഈ ജീവിതത്തിൽ അല്ലെങ്കിൽ ഒരുപക്ഷേ അടുത്ത ജീവിതത്തിൽ എന്ത് ഭാഗ്യമാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് നിർണ്ണയിക്കുന്നത് ഒരാളുടെ മുൻകാല ജീവിതത്തിൽ ഒരാൾ കെട്ടിപ്പടുത്ത അനുഗ്രഹങ്ങളുടെയും പുണ്യത്തിൻ്റെയും അളവിൻ്റെ അടിസ്ഥാനത്തിൽ ആണ്. ഇപ്പോൾ ഒരാൾ അനുഗ്രഹീതവും സദ്ഗുണപൂർണവുമായ ഒരു ജീവിതം നയിക്കുന്നുണ്ടെങ്കിൽ, ഒരുപക്ഷേ അത് അയാളുടെ അടുത്ത ജീവിതത്തിൽ ഉയർന്ന പദവിയും ശമ്പളവും ലഭ്യമാക്കിയേക്കാം, അല്ലെങ്കിൽ അത് വിവിധ തരത്തിലുള്ള സമ്പത്തിലേക്കും ഭാഗ്യത്തിലേക്കും നയിച്ചേക്കാം. ഒരാൾക്ക് സന്തുഷ്ടമായ കുടുംബമുണ്ടോ, അല്ലെങ്കിൽ ഒരാളുടെ കുട്ടികൾ എങ്ങനെയായിത്തീരും തുടങ്ങിയ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. ചില ആളുകൾ സമ്പന്നരും മറ്റുള്ളവർ ദരിദ്രരും ആയിരിക്കുന്നതിൻ്റെ, ചിലർ ഉയർന്ന പദവികൾ വഹിക്കുന്നു എന്നാൽ മറ്റുള്ളവർ നിരാലംബരും ഭവനരഹിതരും ആയിരിക്കുന്നതിൻ്റെ അടിസ്ഥാന കാരണം ഇതാണ്. ഇത് പണക്കാരനും ദരിദ്രനും തമ്മിലുള്ള സമത്വത്തെക്കുറിച്ച് ദുഷിച്ച കമ്മ്യൂണിസം പ്രചരിപ്പിക്കുന്ന നിന്ദ്യമായ അസംബന്ധം പോലെയൊന്നുമല്ല. പ്രപഞ്ചം നിഷ്പക്ഷമതിയാണ്. നന്മ ചെയ്യുന്നവർ അതിനുള്ള അനുഗ്രഹം ഏറ്റുവാങ്ങുന്നു, മോശമായ കാര്യങ്ങൾ ചെയ്യുന്നവർക്ക് കടം വീട്ടേണ്ടതായി വരും—ഈ ജന്മത്തിലല്ലെങ്കിൽ, അടുത്തതിൽ. എന്തെന്നാൽ, ഇത് പ്രപഞ്ചത്തിൻ്റെ മാറ്റമില്ലാത്ത നിയമമാണ്! സ്വർഗ്ഗവും ഭൂമിയും ദൈവവും സ്രഷ്ടാവും എല്ലാ ജീവജാലങ്ങളോടും ഒരുപോലെ കരുണയുള്ളവരാണ്. മനുഷ്യനെപ്പോലെ സ്വർഗ്ഗവും ഭൂമിയും സൃഷ്ടിച്ചത് സ്രഷ്ടാവാണ്, അവൻ ചില ജീവിതങ്ങളോട് പ്രിയപ്പെട്ടവനായി പെരുമാറുകയും മറ്റുള്ളവയെ ചെറുതായി കാണുകയും ചെയ്യുന്ന സാഹചര്യമില്ല. ചില ആളുകൾ സന്തോഷകരമായ ജീവിതം നയിക്കുന്നതിൻ്റെയും മറ്റുള്ളവർ അല്ലാതെയും ജീവിക്കുന്നതിൻ്റെ കാരണങ്ങൾ അവരുടെ മുൻകാല കർമ്മങ്ങളുടെ പ്രതിഫലവും പ്രായശ്ചിത്തവും ആണ്.
ജീവിതത്തിൽ വിജയിക്കുന്നതോ തോൽക്കുന്നതോ ആയ ആളുകളെ കാണുമ്പോൾ, അത് ഈ ലോകത്തിലെ ഒരു സാധാരണ രീതിയിലുള്ള കാര്യങ്ങളിൽ നിന്ന് വരുന്നതായി തോന്നും. എന്നാൽ ഇത് ആത്യന്തികമായി അത്തരം ആളുകളുടെ മുൻകാല പ്രവർത്തികളുടെ കർമ്മഫലമാണ്. ആളുകൾക്ക് എന്തെങ്കിലും ഉണ്ടോ ഇല്ലയോ, അല്ലെങ്കിൽ ജീവിതത്തിൽ വിജയിക്കുന്നതോ തോൽക്കുന്നതോ, ഇവയൊക്കെ ഈ ലോകത്തിൻ്റെ രീതികൾക്കനുസരിച്ച് പൊരുത്തപ്പെട്ടു നടക്കുന്നു. അതുകൊണ്ട് ജീവിതത്തിൽ നിങ്ങൾ ധനികനായാലും ദരിദ്രനായാലും, നിങ്ങൾ നന്മ ചെയ്യുന്നവരായിരിക്കണമെന്ന് ഉറപ്പു വരുത്തണം, മോശമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം, നല്ലവനും ദയയുള്ളവനുമായിരിക്കുക, ആത്മീയ ചിന്താഗതിയുള്ളവനും ഭക്തനും ആയിരിക്കുക, മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷമുള്ളവരായിരിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ അനുഗ്രഹങ്ങളും പുണ്യവും വളർത്തിയെടുക്കുകയും അടുത്ത ജന്മത്തിൽ അവയുടെ പ്രതിഫലം നേടുകയും ചെയ്യും. ബുദ്ധിമുട്ടുള്ളപ്പോൾ വിലപിക്കാതിരിക്കുക, സൽകർമ്മങ്ങളിലൂടെ പുണ്യം നേടി മെച്ചപ്പെട്ട അടുത്ത ജീവിതം സമ്പാദിക്കുക എന്നൊക്കെ, പണ്ട്, ചൈനയിലെ പഴയ തലമുറ എപ്പോഴും സംസാരിക്കുമായിരുന്നു. നിങ്ങളുടെ മുൻജന്മ ജീവിതത്തിൽ നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുകയും അനുഗ്രഹങ്ങൾ നേടുകയും ചെയ്യാതെ സഹായത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നത് വ്യർത്ഥമാണ് എന്നതാണ് കാര്യം. പ്രപഞ്ചത്തിന് അതിന്റേതായ നിയമങ്ങളുണ്ട്, അത് ഉയർന്ന ജീവനുകൾ പോലും അനുസരിക്കേണ്ടതുണ്ട്. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്താൽ അവർ പോലും ശിക്ഷിക്കപ്പെടും. അതുകൊണ്ട് കാര്യങ്ങൾ ആളുകൾ കരുതുന്നത്ര ലളിതമല്ല. ആളുകൾ പ്രാർത്ഥിക്കുന്നതെന്തും ഉയർന്ന ജീവനുകൾ നൽകുമെന്ന് പ്രതീക്ഷിക്കേണ്ടതുണ്ടോ? അതിനുള്ള അനുഗ്രഹങ്ങളും പുണ്യവും കഴിഞ്ഞ ജന്മങ്ങളിൽ ഒരാൾ സ്വരൂപിച്ചിട്ടുണ്ടായിരിക്കണം എന്നതാണ് അതിൻ്റെ ഒരു മുൻ-വ്യവസ്ഥ. അതിനാൽ നിങ്ങൾക്ക് ലഭിക്കുന്നത് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളുടെയും പുണ്യത്തിൻ്റെയും പ്രതിഫലമാണ്! ഇതാണ് പ്രപഞ്ച നിയമങ്ങൾ അനുശാസിക്കുന്നത്. എന്നാൽ അടിസ്ഥാന തലത്തിൽ സംസാരിക്കുമ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്നത് നേടുക എന്നത് അനുഗ്രഹങ്ങളും പുണ്യവും ശേഖരിക്കുന്നതിൻ്റെ ആത്യന്തിക ലക്ഷ്യമല്ല. അവ കെട്ടിപ്പടുക്കുന്നതിൻ്റെ യഥാർത്ഥ ലക്ഷ്യം, നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴിയൊരുക്കുക എന്നതാണ്. അതാണ് ഏറ്റവും നിർണ്ണായകമായത്, അത് ഒരു മനുഷ്യജീവിതത്തിലെ നൈമിഷിക സന്തോഷമായി കൈമാറ്റം ചെയ്യാനുള്ളതല്ല!
മാസ്റ്റർ ലീ ഹോങ്ങ്ജ്
2023 ജനുവരി 20